Business
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ രാജ്യത്തിന്റെ തദ്ദേശീയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐയെ (യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ്) പ്രകീർത്തിച്ചു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍.
140 കോടി ജനങ്ങൾക്കു ഡിജിറ്റൽ വ്യക്തിത്വം നൽകുന്ന സംവിധാനത്തിലൂടെ മറ്റൊരു രാജ്യത്തിനും സാധിക്കാത്തത് ഇന്ത്യക്കു നിർമിക്കാൻ കഴിഞ്ഞുവെന്നും മാക്രോണ്‍ പ്രശംസിച്ചു.
ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് പേമെന്റ് ഇൻഫ്രാസ്ട്രക്ചറിനു കീഴിൽ പ്രതിമാസം 2000 കോടി പണമിടപാടുകൾ നടത്താൻ കഴിയുന്ന സംവിധാനവും 50 കോടി ഡിജിറ്റൽ ആരോഗ്യ തിരിച്ചറിയൽ കാർഡുകൾ പുറപ്പെടുവിച്ച ആരോഗ്യ പ്ലാറ്റ്ഫോമും വികസിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് മാക്രോണ്‍ പറഞ്ഞു.
പത്തു വർഷം മുന്‍പ് ഒരു വഴിയോര കച്ചവടക്കാരന് മുംബൈയിൽ ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ലായിരുന്നുവെന്നും പക്ഷേ ഇന്ന് അയാൾക്കു രാജ്യത്തെവിടെനിന്നു വേണമെങ്കിലും ഓണ്‍ലൈനായി പണമിടപാടുകൾ സ്വീകരിക്കാൻ കഴിയുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
അടുത്ത തവണത്തെ ജി7 ഉച്ചകോടിക്ക് ഫ്രാൻസ് ആതിഥേയത്വം വഹിക്കാനിരിക്കേ എഐ ദുരുപയോഗത്തിൽനിന്നു കുട്ടികളെ സംരക്ഷിക്കുക എന്നതാണ് ഫ്രാൻസിന്റെ ജി7 മുൻഗണനയെന്നും 15 വയസിൽ താഴെയുള്ള കുട്ടികളുടെ സമൂഹമാധ്യമ നിരോധനത്തിന് ഫ്രാൻസ് തയാറെടുക്കുകയാണെന്നും മാക്രോണ്‍ വ്യക്തമാക്കി.
52-ാമത് ജി7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച മാക്രോൺ, കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ ഇടപെടൽ നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.
National
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽനിന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് പിന്മാറി. അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളിൽ ബിൽ ഗേറ്റ്സിന്റെ പേര് ഉൾപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദങ്ങളാണു പിന്മാറ്റത്തിനു പിന്നിലെന്നാണു സൂചന.
ഉച്ചകോടിയുടെ സുപ്രധാന ലക്ഷ്യങ്ങളിൽനിന്നു ശ്രദ്ധ തിരിയാതിരിക്കാനാണ് ഗേറ്റ്സ് വിട്ടുനിൽക്കുന്നതെന്ന് അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ ഗേറ്റ്സ് ഫൗണ്ടേഷൻ വക്താക്കൾ അറിയിച്ചു.
എക്സിലൂടെയാണ് ഗേറ്റ്സിന്റെ പിന്മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഗേറ്റ്സിന് പകരം ഫൗണ്ടേഷന്റെ ആഫ്രിക്ക-ഇന്ത്യ ഓഫീസ് പ്രസിഡന്റ് അങ്കുർ വോറ ഉച്ചകോടിയിൽ സംസാരിക്കും.
ഉച്ചകോടിയുടെ ഔദ്യോഗിക പട്ടികയിൽനിന്ന് ചൊവ്വാഴ്ച രാവിലെ ഗേറ്റ്സിന്റെ പേരു നീക്കം ചെയ്തിരുന്നു.
National
ന്യൂഡൽഹി: ആഗോള എ ഐ ഇംപാക്ട് ഉച്ചകോടി ചൈനീസ് ഉത്പന്നങ്ങൾ ഇന്ത്യൻ നിർമ്മിതമെന്ന് പറഞ്ഞ് പ്രദർശിപ്പിക്കാനുള്ള ചന്തയാക്കി മാറ്റിയെന്ന് കോൺഗ്രസ്. ഇന്ത്യൻ സാങ്കേതിക വിദ്യയെ ലോകത്തിന് മുന്നിൽ പരിഹാസ്യമാക്കുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
ഉച്ചകോടിയിലെ ഒരു സ്റ്റാളിൽ പ്രദർശിപ്പിച്ച 'ഓറിയോൺ' എന്ന റോബോട്ടിക് നായയെ കേന്ദ്രീകരിച്ചാണ് വിവാദങ്ങൾ ഉടലെടുത്തത്. ഇത് ഇന്ത്യയിൽ വികസിപ്പിച്ചതാണെന്നായിരുന്നു സംഘാടകർ അവകാശപ്പെട്ടത്. എന്നാൽ, ഇത് ചൈനീസ് കമ്പനിയായ 'യൂണിട്രീ'നിർമിച്ച റോബോട്ട് ആണെന്ന് പിന്നീട് തെളിഞ്ഞു. ഗാൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയുടെ സ്റ്റാളിലായിരുന്നു ഈ പ്രദർശനം നടന്നത്.
ചൈനീസ് നിർമിത ഉത്പന്നങ്ങൾ 'മെയ്ഡ് ഇൻ ഇന്ത്യ' എന്ന പേരിൽ അവതരിപ്പിക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഉച്ചകോടി വെറും പി ആർ നാടകമായി മാറിയെന്നും, യഥാർത്ഥ ഇന്ത്യൻ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വിവാദം കൊഴുത്തതോടെ, തെറ്റായ വിവരങ്ങൾ നൽകി ചൈനീസ് റോബോട്ടിനെ പ്രദർശിപ്പിച്ച സ്റ്റാൾ ഉടനടി നീക്കം ചെയ്യാൻ കേന്ദ്ര ഐടി മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഗാൽഗോട്ടിയ സർവകലാശാല സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്.
National
ന്യൂഡല്‍ഹി: എഐ ഉച്ചകോടിയോടനുബന്ധിച്ചു നിരവധി ലോകനേതാക്കളുമായും ഗൂഗിള്‍ സിഇഒയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സ്പെയിന് പ്രസിഡന്റ്, ക്രൊയേഷ്യന്‍ പ്രധാനമന്ത്രി, ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി, സെര്‍ബിയന്‍ പ്രസിഡന്റ്, എസ്തോണിയൻ പ്രസിഡന്റ്, കസാഖ് പ്രധാനമന്ത്രി, ഭൂട്ടാന് പ്രധാനമന്ത്രി എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയ പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെയും കണ്ടു.
സ്പെയിന് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ മോദി നടത്തിയ കൂടിക്കാഴ്ചയില്‍ 2026 സംസ്കാരത്തിന്റെയും ടൂറിസത്തിന്റെയും എഐയുടെയും ഇന്ത്യ-സ്പെയിന് വര്‍ഷമായി ആചരിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഒരു ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ഇന്ത്യയില്‍ നടത്തുന്ന ആദ്യസന്ദര്‍ശനത്തില്‍ ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്‍ഡ്രെജ് പ്ലെങ്കോവിച്ചുമായി മോദി ചര്‍ച്ചകള്‍ നടത്തി.
ചര്‍ച്ചയില്‍ ബ്ലൂ ഇക്കോണമിയും ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന നിര്‍ണായക വാണിജ്യ ഇടനാഴിയായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയും വിഷയമായിട്ടുണ്ടെന്ന് മോദി അറിയിച്ചു. മറ്റു രാജ്യങ്ങളിലെ നേതാക്കളുമായി എഐ, വ്യാപാരം, ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍, പ്രതിരോധം, ഉത്പാദനം, അടിസ്ഥാനസൗകര്യ വികസനം, വളം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ബ്രസീൽ പ്രസിഡന്റ് ലുല ഡ സില്‍വ, യുഎഇ ക്രൗണ്‍ പ്രിന്‍സ് ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹിയാന്‍ എന്നിവരടക്കം നിരവധി രാഷ്ട്ര നേതാക്കൾ ഡല്‍ഹിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
National
ന്യൂഡല്‍ഹി: ചൈനീസ് നിര്‍മിത റോബോ നായ തങ്ങളുടെ സ്വന്തം സൃഷ്ടിയാണെന്ന് അവകാശപ്പെട്ട ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡ ആസ്ഥാനമായുള്ള ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയെ എഐ ഉച്ചകോടിയില്‍നിന്ന് പുറത്താക്കി. അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞതോടെ സര്‍വകലാശാല ഔദ്യോഗികമായി ക്ഷമാപണവും നടത്തി.
ഗാല്‍ഗോട്ടിയാസ് സര്‍വകലാശാലയിലെ ഒരു പ്രഫസര്‍ ചൈനീസ് നിര്‍മിത റോബോ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഒരു സര്‍ക്കാര്‍ മാധ്യമത്തിനു നല്കിയ വാര്‍ത്താശകലമാണ് അവകാശവാദങ്ങളുടെ അടിവേരിളക്കിയത്.
"ഓറിയോണ്‍’എന്ന പേരിലുള്ള റോബോട്ട് സര്‍വകലാശാലയുടെ മികവിന്റെ കേന്ദ്രത്തില്‍ വികസിപ്പിച്ചതാണെന്നു പ്രൊഫസര്‍ പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനുപിന്നാലെ സമൂഹമാധ്യമ ഉപയോക്താക്കള്‍ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിവാക്കി.
ചൈനയുടെ യൂണിട്രീ റോബോട്ടിക്സ് എന്ന കമ്പനി നിര്‍മിച്ച ജിഒ2 മോഡല്‍ എന്ന റോബോട്ടാണതെന്നും ഇന്ത്യയില്‍ ഏകദേശം രണ്ടു ലക്ഷം രൂപ കൊടുത്താല്‍ ഈ ഉപകരണം ലഭ്യമാണെന്നും സമൂഹമാധ്യമ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു.
യഥാര്‍ഥ നിര്‍മാതാക്കളുടെ ബ്രാന്‍ഡിംഗും റോബോട്ടില്‍ വ്യക്തമാണെന്ന് ഓണ്‍ലൈനില്‍ കണ്ടതോടെ ഉച്ചകോടിയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ കേന്ദ്രം സര്‍വകലാശാലയോട് ആവശ്യപ്പെടുകയായിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ സര്‍വകലാശാല ആദ്യം ഉരുണ്ടുകളിച്ചെങ്കിലും പിന്നീട് സ്ഥലം കാലിയാക്കി. ഒടുവിൽ ക്ഷമാപണം നടത്തുകയും ചെയ്തു.
National
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളുടെ നട്ടെല്ലായി നിർമിത ബുദ്ധി (എഐ) മാറുമെന്ന് ഡിആർഡിഒ ഡയറക്ടർ ജനറൽ ഡോ. ചന്ദ്രിക കൗശിക്. ഡൽഹിയിൽ നടന്ന എഐ ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കു കയായിരുന്നു അവർ. പ്രതിരോധ മേഖലയിൽ നിർമിത ബുദ്ധി എന്നതു ഭാവിയിൽ വെറും സങ്കല്പമല്ലെന്നും മറിച്ച് അത്യാവശ്യമായ ഘടകമാണെന്നും ചന്ദ്രിക കൗശിക് കൂട്ടിച്ചേർത്തു.
ആധുനിക യുദ്ധസാഹചര്യങ്ങളിൽ സൈന്യത്തിനു മുന്നിലെത്തുന്ന വിവരങ്ങളുടെ അളവ് മനുഷ്യനു വേഗത്തിൽ വിശകലനം ചെയ്യുക അസാധ്യമായ കാര്യമാണ്. ഇവിടെയാണ് നിർമിത ബുദ്ധിയുടെ പ്രസക്തി. അതിവേഗത്തിൽ വിവരങ്ങൾ വിശകലനം ചെയ്യാനും കൃത്യമായ തീരുമാനങ്ങൾ എടുക്കാനും എഐ അധിഷ്ഠിത സംവിധാനങ്ങൾ സൈന്യത്തിനു വലിയ കരുത്താകും. നിരീക്ഷണം, ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തൽ തുടങ്ങിയ മേഖലകളിൽ നിലവിൽ രാജ്യം എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
പ്രതിരോധ മേഖലയിൽ വിദേശ രാജ്യങ്ങളുടെ എഐ മോഡലുകളെ അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്നും ചന്ദ്രിക കൗശിക് മുന്നറിയിപ്പു നൽകി. വിദേശത്തുനിന്നു ലഭിക്കുന്ന ഡാറ്റാ സെറ്റുകളിൽ സുരക്ഷാവീഴ്ചകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇക്കാരണങ്ങളാൽ രാജ്യത്തിന്റെ തനതായ ഡാറ്റ ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത എഐ മോഡലുകൾ പ്രതിരോധ സംവിധാനങ്ങൾക്കായി ഉപയോഗിക്കണമെന്നും അവർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള സമീപകാല സൈനിക നടപടികളിൽനിന്ന് ഇന്ത്യ പഠിച്ച പ്രധാന പാഠം സ്വയംപര്യാപ്തത ആണെന്നു ചന്ദ്രിക കൗശിക് ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി പ്രതിരോധ സാമഗ്രികൾ നിർമിക്കുന്നതുപോലെതന്നെ പ്രധാനമാണ് സ്വന്തമായി എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതെന്നും അവർ ചൂണ്ടിക്കാണിച്ചു.
ആഗോളതലത്തിൽ എഴുപതിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന എഐ ഉച്ചകോടിയിൽ ഭാഗഭാക്കാകുമ്പോഴും ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാധികാരം കാത്തുസൂക്ഷിക്കണമെന്നും ഡോ. ചന്ദ്രിക കൗശിക് എടുത്തുപറഞ്ഞു.
National
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മികച്ച മൂന്നു നിർമിതബുദ്ധി (എഐ) സൂപ്പർ പവറുകളിലൊന്നായി ഇന്ത്യ മാറണമെന്നു പ്രധാനമന്ത്രി മോദി. നിർമിതബുദ്ധിയെ പൊതുതാത്പര്യത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഡൽഹിയിൽ നടക്കുന്ന എഐ ഉച്ചകോടി ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
രണ്ടു വർഷത്തിനുള്ളിൽ 20,000 കോടി ഡോളറിലധികം നിക്ഷേപമാണ് നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ്, ഡാറ്റ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ 7000 കോടി ഡോളർ നിക്ഷേപമുണ്ടാകും. ഇതിനുപുറമെ 9000 കോടി ഡോളർ കൂടി പ്രതീക്ഷിക്കുന്നു. ഡാറ്റ സെന്ററുകൾ ഇന്ത്യയിൽ സ്ഥാപിച്ച് ക്ലൗഡ് സേവനങ്ങൾ നൽകുന്ന കന്പനികൾക്ക് കേന്ദ്രബജറ്റിൽ 21 വർഷത്തെ നികുതി അവധി പ്രഖ്യാപിച്ചത് വലിയ ഉത്തേജനമാകുമെന്നു പ്രതീക്ഷിക്കുന്നതായും മന്ത്രി പത്രസമ്മേളനത്തിൽ വിശദീകരിച്ചു.
വ്യാജ നിർമിതികളുടെ (ഡീപ് ഫേക്കുകൾ) അപകടം മനസിലാക്കി ശക്തമായ നിയന്ത്രണം ആവശ്യമാണെന്ന് അശ്വിനി ചൂണ്ടിക്കാട്ടി. നിർമിതബുദ്ധിയുടെ കാര്യത്തിൽ ഇന്ത്യ സ്വാശ്രയത്വം നേടേണ്ടതുണ്ട്. തന്ത്രപരമായ ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ആശ്രയിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. പരമാധികാര എഐയുടെ ഭാഗമാണിത്. ഈ വിശാലമായ കാഴ്ചപ്പാടിൽ മുഴുവൻ എഐ ആവാസവ്യവസ്ഥയിലും വലിയ നിക്ഷേപങ്ങൾ സ്വീകരിക്കാൻ രാജ്യം തയാറാണെന്ന് മന്ത്രി വ്യക്തമാക്കി. ലോകം സാക്ഷ്യംവഹിക്കുന്ന അഞ്ചാമത്തെ വ്യാവസായിക വിപ്ലവമാണു നിർമിതബുദ്ധിയെന്ന് മന്ത്രി വിശേഷിപ്പിച്ചു.
സാങ്കേതിക, എൻജിനിയറിംഗ് വിദഗ്ധരുടെ കൂട്ടായ്മയ്ക്കുള്ള അവസരമാണ് അഞ്ചു ദിവസത്തെ എഐ ഉച്ചകോടി. എഐ സൊല്യൂഷനുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഫിസിക്കൽ ഹാർഡ്വേറും ആപ്ലിക്കേഷനുകൾ അന്തിമമായി ഉപയോഗിക്കുന്നതിനുള്ള സോഫ്റ്റ്വേറും ഉൾപ്പെടെ എഐ സ്റ്റാക്കിന്റെ അഞ്ചു ലെയറുകളിലുമുള്ള കഴിവുകളുടെ കാര്യത്തിൽ ഇന്ത്യ ശക്തമായ സ്ഥാനത്താണെന്ന് മന്ത്രി പറഞ്ഞു. ഐടി മേഖലയിലും തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനും ഇന്ത്യയുടെ ശക്തി ഉപയോഗപ്പെടുത്തുന്നുണ്ട്. വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ആവശ്യങ്ങൾക്കായി അക്കാഡമിക് കോഴ്സുകൾ പരിഷ്കരിക്കാനുള്ള ശ്രമങ്ങളുമുണ്ടെന്ന് മന്ത്രി പറഞ്ഞു.
‘സർവജൻ ഹിതായ, സർവജൻ സുഖായ’ (എല്ലാവരുടെയും ക്ഷേമത്തിനായി, എല്ലാവരുടെയും സന്തോഷത്തിനായി) എന്നതാണു നിർമിതബുദ്ധിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. മനുഷ്യരാശിയെ പകരം വയ്ക്കാനല്ല, സേവിക്കാനാണു സാങ്കേതികവിദ്യയെന്നും പ്രധാനമന്ത്രി ഓർമപ്പെടുത്തി. ആരോഗ്യമേഖലയിൽ നിർമിതബുദ്ധി ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നതിന്റെ പ്രധാന ഘടകം ധാർമികതയാണെന്ന് ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. നെറ്റ്ഫ്ലിക്സ്, മെറ്റ തുടങ്ങിയ പ്രധാന ബ്രാൻഡുകൾ ഇന്ത്യയുടെ നിയമ ചട്ടക്കൂടിനു കീഴിൽ പ്രവർത്തിക്കണമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
National
ന്യൂഡൽഹി: ഇന്ത്യ എഐ (നിർമിത ബുദ്ധി) ഇംപാക്ട് ഉച്ചകോടിയുടെ ഉദ്ഘാടനദിവസത്തിലുണ്ടായ മോഷണം, അനിയന്ത്രിത ജനത്തിരക്ക്, വാർത്താവിനിമയ പ്രശ്നങ്ങൾ അടക്കം വിദേശപ്രതിനിധികൾ നേരിട്ട ദുരിതത്തിന് കേന്ദ്രസർക്കാർ മാപ്പ് പറഞ്ഞു.
ഉച്ചകോടിയിൽ പങ്കെടുത്തവർ നേരിട്ട പ്രശ്നങ്ങൾക്കു ക്ഷമാപണം നടത്തുന്നതായും വരുംദിവസങ്ങളിൽ സുഗമമായ അനുഭവം വാഗ്ദാനം ചെയ്യുന്നതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഉച്ചകോടിയിൽ 70,000ത്തിലധികം ആളുകൾ പങ്കെടുത്തതുമൂലമാണ് ചില പ്രയാസങ്ങൾ നേരിട്ടതെന്ന് മന്ത്രി വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിയാണിത്. പ്രതികരണം അസാധാരണമായിരുന്നു. ഊർജം സ്പഷ്ടമാണ്. ഇപ്പോഴെല്ലാം വളരെ സുഗമമാണ്. തിങ്കളാഴ്ച ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ, അതിനു ക്ഷമ ചോദിക്കുന്നു- ഭാരത് മണ്ഡപത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ എഐ ഉച്ചകോടിയെന്ന് കൊട്ടിഘോഷിച്ചു നടത്തിയ പരിപാടിയുടെ ഹാളുകളിലേക്ക് വലിയ ജനക്കൂട്ടം ഇരച്ചുകയറിയതോടെ ആകെ തകിടം മറിഞ്ഞു. എവിടെയും നീണ്ട ക്യൂകളും തിക്കും തിരക്കുമായിരുന്നു. മൊബൈൽ ഡാറ്റ കണക്ടിവിറ്റിയും പ്രശ്നമായി. പ്രമുഖരുടെയും സ്ത്രീകളുടെയും ആഭരണങ്ങളും വിലപ്പെട്ട രേഖകളും മോഷ്ടിക്കപ്പെട്ടതായും പരാതിയുണ്ട്. പ്രതിനിധികൾക്കു കൃത്യമായ നിർദേശം പോലുമില്ലായിരുന്നത് പ്രശ്നം വഷളാക്കിയെന്നു സമ്മേളനത്തിനെത്തിയവർ പരാതിപ്പെട്ടു.
വിമാനയാത്ര, താമസം, ലോജിസ്റ്റിക്സ്, ബൂത്ത് എന്നിവയ്ക്കെല്ലാം പണം നൽകിയവരോടു സുരക്ഷയുടെ പേരിൽ കാട്ടിയത് അതിക്രമങ്ങളാണെന്ന് ഇന്ത്യയിലെ ആദ്യ പേറ്റന്റ് നേടിയ എഐ വെയറബിൾ കന്പനിയായ നിയോ സാപിയൻ സിഇഒ ധനഞ്ജയ് യാദവ് പറഞ്ഞു.
തന്റെ ഉപകരണങ്ങൾ പലതും മോഷ്ടിക്കപ്പെട്ടതായി അദ്ദേഹം അറിയിച്ചു. സ്വന്തം നിർമാതാക്കളെ മാറ്റിനിർത്തുന്ന എഐ ഉച്ചകോടിയാണെന്ന് റെസ്കില്ലിന്റെ സ്ഥാപകനായ പുനിത് ജെയിൻ പറഞ്ഞു.
National
മുംബൈ: ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ കരുത്തുറ്റതാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും മുംബൈയിൽ കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജം തുടങ്ങിയ മേഖലകളിൽ നിർണായകമായ തീരുമാനങ്ങൾ ഉച്ചകോടിയിലുണ്ടായി.
114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യയുടെ സുപ്രധാന നീക്കത്തിന് പിന്നാലെയാണ് ഈ കൂടിക്കാഴ്ച നടന്നത്. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഹെലികോപ്റ്ററുകളുടെയും മിസൈലുകളുടെയും സംയുക്ത നിർമാണത്തെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. എച്ച്125 ഹെലികോപ്റ്റർ അസംബ്ലി ലൈൻ ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനായി 'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷം 2026' ഇരുനേതാക്കളും ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും പുതിയ അവസരങ്ങൾ ഇത് നൽകും.
ഡൽഹിയിൽ നടക്കുന്ന 'എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മാക്രോൺ ഇന്ത്യയിലെത്തിയത്. നിർമിത ബുദ്ധി മേഖലയിൽ ഇരുരാജ്യങ്ങളും കൈകോർക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി പറഞ്ഞു.
Business
മുംബൈ: നിർമിതബുദ്ധി രംഗത്തു വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ഇന്ത്യയിൽ സ്ഥാപിക്കാൻ പ്രമുഖ ഐടി കമ്പനിയായ ടിസിഎസ് തയാറെടുക്കുന്നു. എഐ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം.
ഭാവിയിലെ കരുത്തുറ്റ ഇൻഫ്രാസ്ട്രക്ചർ ഹൈപ്പർവോൾട്ട് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ അത്യാധുനികവും സുരക്ഷിതവുമായ എഐ ഇൻഫ്രാസ്ട്രക്ചറാണ് ടിസിഎസ് വിഭാവനം ചെയ്യുന്നത്.
വൻകിട ടെക് കമ്പനികൾക്കും എഐ അധിഷ്ഠിത സംരംഭങ്ങൾക്കും ആവശ്യമായ അതിവേഗ കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാക്കും. ഡാറ്റാ സെന്ററുകളിലെ താപം നിയന്ത്രിക്കാൻ ലിക്വിഡ് കൂളിംഗ് സംവിധാനങ്ങൾ, ഉയർന്ന പ്രകടനക്ഷമതയുള്ള റാക്കുകൾ, ഊർജക്ഷമതയുള്ള രൂപകല്പന തുടങ്ങിയവ ഹൈപ്പർവോൾട്ടിന്റെ പ്രത്യേകതകളാണ്.
ആഗോള ഡാറ്റാ ഹബ്ബായി മാറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. നിലവിൽ 1.5 ജിഗാവാട്ട് ശേഷിയുള്ള ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖല 2030-ഓടെ 10 ജിഗാവാട്ടിന് മുകളിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 മുതൽ ഏകദേശം 94 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് മേഖലയിൽ ഇന്ത്യയിലേക്കെത്തിയത്.
ആഗോളതലത്തിലെ പ്രമുഖ എഐ കമ്പനികളുമായി സഹകരിച്ച് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനാണ് ടിസിഎസിന്റെ ലക്ഷ്യം. ഇന്ത്യയുടെയും ലോകത്തിന്റെ അടുത്ത ഘട്ടത്തിലുള്ള ഡിജിറ്റൽ വളർച്ചയ്ക്കു കരുത്തേകാൻ പദ്ധതിക്കു കഴിയുമെന്നു ടിസിഎസ് അധികൃതർ വ്യക്തമാക്കി.
Business
ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് എക്സ്പോയ്ക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് തുടക്കമാകും. ഉച്ചകോടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം അഞ്ചിന് നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. ഇന്ത്യ ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും.
നയങ്ങൾ പ്രായോഗികമാകുകയും നൂതനാശയങ്ങൾ വിപുലമായ തലത്തിലേക്ക് ഉയരുകയും സാങ്കേതികവിദ്യ സാധാരണക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നതിലൂടെ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടി ആർട്ടഫിഷൽ ഇന്റലിജൻസിന്റെ പ്രായോഗിക പ്രവർത്തനങ്ങൾ തെളിയിക്കുന്ന ഒരു ദേശീയ വേദിയായി വർത്തിക്കും.
നാല്പതിലധികം വൻകിട കന്പനികളുടെ സിഇഒമാർ, 20 രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന ഉച്ചകോടിയിൽ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ വാഗ്ദാനമാണ് പ്രതീക്ഷിക്കുന്നത്. ഇതുകൊണ്ടുതന്നെ ഈ പ്രദർശനം ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ സാങ്കേതിക സംഗമങ്ങളിൽ ഒന്നായി മാറുന്നു.
പ്രധാനമന്ത്രി മോദി ചടങ്ങിനോടനുബന്ധിച്ച് സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. 19ന് നടക്കുന്ന പ്രധാന പ്ലീനറി സെഷനെ അദ്ദേഹം അഭിസംബോധന ചെയ്യും.
70000 ചതുരശ്ര മീറ്ററിലായി പത്തോളം വേദികളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദർശനത്തിൽ ആഗോള സാങ്കേതിക സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, അന്താരാഷ്ട്ര പങ്കാളികൾ എന്നിവരെ ഒന്നിച്ചുകൂട്ടും.
എഐ മേഖലയിലെ അന്താരാഷ്ട്ര സഹകരണം വിളിച്ചോതുന്ന 13 രാജ്യങ്ങളിലെ പവലിയനുകളും എക്സ്പോയിൽ ഉണ്ടാകും. ഇതിൽ ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമനി, ഇറ്റലി, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, സെർബിയ, എസ്റ്റോണിയ, താജിക്കിസ്ഥാൻ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പവലിയനുകളും ഉൾപ്പെടുന്നു.
ജനങ്ങൾ, ഭൂമി, പുരോഗതി എന്നിങ്ങനെ മൂന്ന് ആശയങ്ങളെ കേന്ദ്രീകരിച്ച് തയാറാക്കിയ 300ലധികം ക്യൂറേറ്റഡ് എക്സിബിഷൻ പവലിയനുകളും തത്സമയ പ്രദർശനങ്ങളും എക്പോയിൽ ഉണ്ടാകും. കൂടാതെ 600ലധികം മികച്ച സ്റ്റാർട്ടപ്പുകളും പ്രദർശിപ്പിക്കും. ഇവയിൽ പലതും ആഗോളതലത്തിൽ പ്രസക്തമായതും വൻതോതിൽ ജനകീയവുമായ സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിച്ചെടുക്കുന്നവയാണ്. ഇതിനോടകംതന്നെ നടപ്പിലാക്കിയിട്ടുള്ള നൂതന സാങ്കേതിക പരിഹാരങ്ങൾ ഈ സ്റ്റാർട്ടപ്പുകൾ പ്രദർശിപ്പിക്കും.
അന്താരാഷ്ട്ര പ്രതിനിധികൾ ഉൾപ്പെടെ ഏകദേശം രണ്ടര ലക്ഷത്തിലധികം സന്ദർശകർ എഐ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള എഐ ആവാസവ്യവസ്ഥയ്ക്കുള്ളിൽ പുതിയ പങ്കാളിത്തങ്ങൾ വളർത്തുന്നതിനും ബിനിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പരിപാടി ലക്ഷ്യമിടുന്നു.
National
ന്യൂഡൽഹി: ആഗോള ചിപ്പ് നിർമ്മാണ രംഗത്തെ ഭീമന്മാരായ എൻവിഡിയയുടെ സിഇഒ ജെൻസൻ ഹുവാങ് തന്റെ ഇന്ത്യ സന്ദർശനം റദ്ദാക്കി. അടുത്ത ആഴ്ച ഇന്ത്യയിൽ നടക്കാനിരിക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ' പങ്കെടുക്കാൻ അദ്ദേഹം എത്തില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. അപ്രതീക്ഷിത കാരണങ്ങളാലാണ് യാത്ര റദ്ദാക്കിയതെന്നാണ് വിശദീകരണം.
ഫെബ്രുവരി 16 മുതൽ 20 വരെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഗ്ലോബൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സമ്മിറ്റിൽ ജെൻസൻ ഹുവാങ് മുഖ്യപ്രഭാഷണം നടത്തേണ്ടതായിരുന്നു. ഹുവാങ്ങിന് പകരം എൻവിഡിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയ് പുരി ഉച്ചകോടിയിൽ കമ്പനിയെ പ്രതിനിധീകരിക്കും. യാത്ര റദ്ദാക്കിയെങ്കിലും ഇന്ത്യയിലെ വളർന്നുവരുന്ന എഐ ആവാസവ്യവസ്ഥയോടുള്ള കമ്പനിയുടെ പ്രതിബദ്ധത തുടരുമെന്ന് എൻവിഡിയ വ്യക്തമാക്കി.
ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭരണസംവിധാനങ്ങളെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ചർച്ച ചെയ്യാനാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ള പ്രമുഖരും ഇതിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എഐ ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നത്.